Tuesday, February 12, 2013

നെത്തോലി ഒരു ചെറിയ മീന്‍ ആണോ?


               നെത്തോലി ഒരു ചെറിയ മീന്‍ ആണോ? ഇതെന്ത് ചോദ്യം അല്ലെ? ഇന്നലെ വരെ ഞാനും 'അതെ' എന്നാണ് ധരിച്ചു വച്ചിരുന്നത് ; എന്നാല്‍ ഇന്ന്‍ എനിക്ക് മനസിലായി നെത്തോലി ഒരു ചെറിയ മീനേ അല്ല. ഞാന്‍ പറഞ്ഞു വരുന്നത് ഈ പല്ലിയെ കൂട്ടിരിക്കുന്ന വലിയ ഇനം നെത്തോലിയെ പറ്റിയല്ല. ഇത് “ന്യൂ ജെനറേഷന്” നെത്തോലി. V.K. പ്രകാശിന്റെ “നെത്തോലി ഒരു ചെറിയ മീന്‍ അല്ല “ എന്ന പുതിയ സിനിമ . ആ സിനിമ കണ്ട ഭൂരിഭാഗം പേരും ഇപ്പോള്‍ വിചാരിക്കുന്നുണ്ടാവും “ഇവന്നെന്നാ വട്ടാണോ?”. കാരണം എനിക്ക് ഉറപ്പാണ്‌ സിനിമ കണ്ട “75%” പേര്‍ക്കും ഇന്നും നെത്തോലി ഒരു കുഞ്ഞന്‍ മത്സ്യം തന്നെയാണെന്ന്‍......,. ......... .. ഒട്ടുമിക്ക ചിത്രങ്ങള്‍ക്കും എന്റെ സമാന ചിന്താഗതി പുലര്‍ത്താറുള്ള ‘നസ്രിന്‍’ പോലും ഇത്തവണ പറഞ്ഞു “തനിക്ക് വേറെ പണി ഒന്നുമില്ലേ? നെത്തോലി വളരെ ചെറിയ ഒരു മീന്‍ ആണ്”.
                           എന്തൊക്കെ ആണേലും ഈ നെത്തോലി എനിക്ക് വല്ലാതെ പിടിച്ചു. സിനിമയിലെ അണിയറയിലേക്കുള്ള കുറച്ചുകൂടി വിശദമാക്കിയാല്‍ കഥാകൃത്തിന്റെ മനസിലെക്കുള്ള ഒരു വാതയനമാണ് വി. കെ. പ്രകാശ്‌ ഈ സിനിമയിലൂടെ തുറന്നു തരുന്നത്. വര്‍ത്തമാനകാലത്തില്‍ നടക്കുന്ന ഒരു ‘സോഷ്യല്‍ മേലോഡ്രാമ’-യല്ല ഈ സിനിമ. മറിച് ഇത്തരം സോഷ്യല്‍ മെലോഡ്രാമകളുടെ ജനനത്തിന്‍റെ കഥ പറയുകയാണ്‌ ഈ സിനിമയിലൂടെ. കഥാകൃത്തും അവന്‍റെ മനസും തമ്മിലുള്ള സംവാദമാണ് പ്രമേയം.
                        
                                 കഥാകൃത്തുകള്‍ക്ക് അതിലുപരി സ്വപനാടകര്‍ക്കുള്ള ഒരു അനുഗ്രഹമാണ് അവന്റെ ‘ഭവാന’. സ്വന്തം ഭാവനയില്‍ അവന് എന്തും നെയ്തെടുക്കം ; സ്വയം നായകനാകാം  , വില്ലനാകാം , കാമുകനാകാം എന്തിനും നിമിഷനേരം മതി. സ്വപ്നാടകര്‍ ഇവ മനസ്സില്‍ കണ്ടു കോള്‍മയിര്‍ കൊള്ളുന്നു. കഥാകൃത്തുകള്‍ ആകട്ടെ , കാണുന്നവ കടലാസില്‍ പകര്‍ത്തുന്നു. സ്വപ്നാടകരില്‍ ചിലര്‍, കാണുന്ന ദിവാസ്വപ്നങ്ങള്‍ സത്യമാണെന്ന ചിന്തയില്‍ അബദ്ധങ്ങളില്‍ ചെന്നുചാടുന്നു. കുട്ടികാലത്ത് ‘ശക്തിമാന്‍’ പരമ്പര കണ്ട് ‘ഞാന്‍ ശക്തിമാന്‍ ആയാല്‍ എങ്ങനെ ഉണ്ടാകും’ എന്ന്‍ ഭാവനയില്‍ കണ്ടു നടന്നിരുന്ന ഞാനും ; താനും ശക്തിമാനെപോലെയാണെന്ന ചിന്തയില്‍ വീടിനു മുകളില്‍ നിന്ന് ഒരു കൈയും ഉയര്‍ത്തിപിടിച്ചുകൊണ്ട് താഴേക്ക് ചാടി ഇഹലോകവാസം വെടിഞ്ഞ കുട്ടിയും തമ്മിലുള്ളത് പോലുള്ള അന്തരം.

                       ഒരു കഥയെഴുതാന്‍ രണ്ടു ദിവസം നല്‍കിയ ആളുടെ മുന്നില്‍ വച്ച്  അതുവഴി കടന്നു പോയ ഒരു പെണ്‍കുട്ടിയോട് തകഴി  , “കുട്ടി ഒന്ന് പ്രസവിക്കാമോ?" അമ്പരന്നു നിന്ന പെണ്‍കുട്ടിയോട് വീണ്ടും “സാരമില്ല...പെട്ടെന്ന്‍ പറ്റില്ലേല്‍ വേണ്ട ഒരു രണ്ടു ദിവസം തരാം “ എന്ന്‍ ചോദിച്ചതായി കേട്ടിട്ടുണ്ട്. അതെ! കഥയെഴുത്ത് അത്ര നിസ്സാര കാര്യമല്ല തന്നെ. കഥാകൃത്തിന്റെ മനസ് ഒരു യുദ്ധകളം പോലെയാണ്.അനവധി കഥാപാത്രങ്ങള്‍ , അവരുടെ ജീവിത പ്രശ്നങ്ങള്‍, വികാര-വിചാരങ്ങള്‍ എല്ലാം സ്വന്തം മനസ്സില്‍ ആവാഹിക്കണം.കഥാപാത്രങ്ങള്‍ക്കനുസൃതമായ രൂപവും ഭാവവും നല്‍കണം.അങ്ങനെ നിരവധി വെല്ലുവിളികള്‍.. .

                          മനുഷ്യ മനസ് ഒരത്ഭുതപ്രതിഭാസം തന്നെയാണ്. ഒന്ന് കീ കൊടുത്തു വിട്ടാല്‍ അത് തോന്നിയ വഴികളിലൂടെ സഞ്ചരിക്കും. കഥാകൃത്തിന്‍റെ മനസ്സില്‍ കഥാതന്തു രൂപപെട്ടു കഴിഞ്ഞാല്‍ പിന്നെ , കഥാപാത്രങ്ങള്‍ക്ക് ജീവന്‍ വച്ച് പറക്കാന്‍ തുടങ്ങും. മിക്ക കഥാപാത്രങ്ങള്‍ക്കും നിത്യജീവിതത്തില്‍ കണ്ടുമറന്ന മുഖങ്ങള്‍ നല്‍കാന്‍ ശ്രമിക്കും. ആത്മാംശം കലര്‍ന്ന കഥകളില്‍ നായകനോ പ്രതിനായകനോ തന്‍റെ തന്നെ പ്രതിച്ഛായയില്‍ വാര്‍ത്തെടുക്കാന്‍ ശ്രമിക്കും കഥാകാരന്‍.
               നമുക്ക് നെതോലിയിലേക്ക്‌ തിരിച്ചു വരാം. സിനിമയിലെ നായകന്‍ പ്രേമന്‍ അഥവാ ‘നെത്തോലി’ ഒരു എഴുത്തുകാരനാണ്‌.. .അയാള്‍ ഒരു സ്വപ്നാടകനുമാണ്. എറണാകുളത്തെ ഒരു ഫ്ലാറ്റിലെ ‘കെയര്‍ ടാകെര്‍’ ആയി അയാള്‍ക്ക് ഒരു പുതിയ ജോലി കിട്ടുന്നു. ഒരു ‘writers block’- ല്‍ അകപ്പെട്ടുകിടക്കുന്ന അയാളിലെ എഴുത്തുകാരന്‍റെ ഭാവനക്ക് പുതിയ നിറം പകരുകയാണ് പുതിയ ജോലി സ്ഥലവും അവിടത്തെ സംഭവ വികാസങ്ങളും. ആ ഫ്ലാറ്റിനെ ചുറ്റിപറ്റി അവിടുത്തെ അന്തേവാസികളെ കഥാപാത്രങ്ങളാക്കി ഒരു കഥയെഴുതാന്‍ അയാള്‍ തീരുമാനിക്കുന്നു. കഥാപാത്രങ്ങളും അവയുടെ സ്വഭാവവും എല്ലാം നിരീക്ഷിക്കുന്ന അയാള്‍ക്ക് ഒരു കഥാതന്തു മാത്രം കിട്ടുന്നില്ല. അയാള്‍ തലങ്ങും വിലങ്ങും ആലോചിച്ചിട്ടും ഒരു തുടക്കം ,ഈ കഥാപാത്രങ്ങളെ കൂട്ടിയോജിപ്പിക്കാന്‍ ഒരു മാന്ത്രികക്കെട്ട് കിട്ടുന്നില. ഒരുവിധത്തില്‍ പറഞ്ഞാല്‍ വികാരത്തിന്റെ പാരമ്യത്തിലും സ്ഖലനം നീണ്ടുപോകുന്ന പോലുള്ള ഒരു മാനസികസംഘര്‍ഷം.
            എന്നാല്‍ വളരെ ആകസ്മികമായി നടക്കുന്ന ഒരു സംഭവം അയാളുടെ മനസ്സില്‍ താന്‍പോലും അറിയാതെ കഥയുടെ ബീജാവാപം നടത്തുന്നു. പ്രഭ എന്ന സ്ത്രീയോടുള്ള പക കേന്ദ്രമാക്കി അയാള്‍ കഥയെഴുതാന്‍ ആരംഭിക്കുന്നു. തന്‍റെ കഥയിലൂടെ അവളെ ഒരു പാഠം പഠിപ്പിക്കാന്‍ അയാള്‍ തീരുമാനിക്കുന്നു.സ്വതവേ ഒരു അല്പപ്രാണിയായും അന്തര്മുഖനുമായ  അയാള്‍ക്ക് അവരോടു തന്റെ കഥയിലെ ഒരു കഥാപാത്രമാക്കിമാറ്റി പ്രതികാരം ചെയ്യാനേ കഴിയുമായിരുന്നുള്ളൂ. അയാള്‍ തന്നെ പറയുന്നുമുണ്ട് ‘കഥയില്‍ എനിക്കെന്തും ആവാം, കാരണം ഇത് എഴുതുന്നത് ഞാന്‍ അല്ലെ ‘
                         കഥയിലെ പ്രഭ എന്നാ പെണ്‍പുലിയെ തളക്കാന്‍ അയാള്‍ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നു.മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മോഹന്‍ലാല്‍ അനശ്വരനാക്കിയ ‘നരേന്ദ്രന്‍’ എന്ന പേരില്‍ സ്വയം ആവാഹിക്കുന്നു കഥാകൃത്ത്‌.. ... ..;രൂപത്തില്‍ മാത്രമേ നരേന്ദ്രന് കഥാകൃത്തുമായി സാമ്യം ഉള്ളൂ. ഉരുളക്കുപ്പേരി പോലെ ഓരോ സന്ദര്‍ഭങ്ങളിലും പ്രഭയെ നരേന്ദ്രന്‍ തട്ടികളിക്കുന്നത് അയാള്‍ ആത്മനിര്‍വൃതിയോടെ എഴുതി രസിക്കുന്നു. ഊണിലും ഉറക്കത്തിലും അയാള്‍ക്ക് തന്റെ കഥ മാത്രമേ ചിന്തയുള്ളൂ. ഭ്രൂണം വളര്‍ന്ന്‍ കുഞ്ഞിക്കാല്‍ കാണും വരെ മാതാപിതാക്കള്‍ക്കുള്ള അതെ ടെന്‍ഷന്‍.. ഉറക്കത്തില്‍ അയാളുടെ മനസ്സില്‍ കഥ മുന്നോട്ടു പോകുകയാണ്. നിദ്രയുടെ യാമങ്ങളില്‍ കഥാകൃത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പകയുടെ തീവ്രത കുറയുന്നു. അവബോധ മനസിലെ പ്രണയം പോലുള്ള നനുത്ത വികാരങ്ങള്‍ കഥാപാത്രങ്ങള്‍ സ്വയതമാക്കുന്നു. കഥ ഒരു പുതിയ ട്രാക്കില്‍ എത്തിച്ചേരുന്നു. ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണരുന്ന കഥാകൃത്തിന്റെ സ്വബോധ മനസിലെ പക ഈ പ്രണയത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു.തൂലിക എന്നാ തന്റെ ആയുധം, കഥാകൃത്ത്‌ ഇഷ്ടത്തിനോത്ത് കഥയില്‍ വളവുകളും തിരിവുകളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
                     viva-ക്ക് ചൊറിഞ്ഞ examiner-ടെ മകനെ ഭാവിയില്‍ പരീക്ഷക്ക് തോല്പിച് പ്രതികാരം ചെയ്യുന്നതായി ഞാന്‍ എത്ര തവണ സ്വപ്നം കണ്ടിരിക്കുന്നു. ഭാവനക്ക് ഒരിക്കലും അതിരുകള്‍ ഉണ്ടാവാറില്ല. മോഹന്‍ലാലിനോട് ശ്രീനിവാസന്‍ ‘നാടോടിക്കാറ്റില്‍’ പറയുന്ന “എന്ത് നല്ല നടക്കാന്നാവാത്ത സ്വപ്നം”. എന്റെ പല സ്വപ്നങ്ങളുടെയും ഒടുവില്‍ ഞാന്‍ ഈ രംഗം മനസ്സില്‍ rewind ചെയ്യാറുണ്ട്. പെട്ടെന്ന് ഒരു സ്വപനം മനസിലേക്ക് കടന്നു വരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്പ് എന്ട്രന്‍സ് പരീക്ഷക്കായി തൃശൂര്‍ ആസ്ഥാനമാക്കി റിപീറ്റ് ചെയ്യുന്ന കാലം.അന്ന്‍ ടെന്‍ഷന്‍ കയറി ‘Bass Palace’ ഹോസ്റ്റെലിന്റെ മുകളിലത്തെ നിലയില്‍ കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കില്‍ ചാരിയിരുന്ന്‍ നക്ഷത്രം എണ്ണുമ്പോള്‍ ഞാന്‍ കാണാറുണ്ടയിരുന്ന ഒരു സ്വപ്നം. ഒരു ബോക്കെയുമായി മന്ത്രി വീട്ടില്‍ വന്നു ‘congratulations my boy!’ എന്ന്‍ പറയുന്ന സീന്‍. ആലോചിക്കുമ്പോള്‍ കൈയിലെ രോമമോക്കെ എഴുന്നേറ്റു നില്‍ക്കും.വര്‍ഷങ്ങള്‍ ശേഷമാണ് ഇതേ സീന്‍ ഞാന്‍ റിയല്‍ ലൈഫില്‍ കാണുന്നത്. background ,സെറ്റിംഗ് എല്ലാം ഞാന്‍ കണ്ട സ്വപ്നം പോലെ തന്നെ. നായകന്‍ അംജദ് ആണെന്ന് മാത്രം.
അന്നാണ് അംജദ് എം.എ ബേബിയില്‍ നിന്ന്‍ അഭിനന്ദനം മേടിക്കുന്ന ചിത്രം facebookil ഷെയര്‍ ചെയ്തത്.

                        നെത്തോലിയിലെ കഥാകൃത്തിന്റെ മനസ്സില്‍ ഒരു വടംവലി നടക്കുവാണ്. പ്രണയാതുരരാകുന്ന കഥാപാത്രങ്ങളെ കണ്ട് കഥാകൃത്തിനു സഹിക്കുന്നില്ല.കഥയില്‍ ട്വിസ്റ്റ്‌ കൊണ്ട് വരാന്‍ അയാള്‍ ഒരു പുതിയ വില്ലന്‍ കഥാപാത്രത്തിന് രൂപം നല്‍കുന്നു.പെട്ടെന്ന്‍ അയാളുടെ ആയുധത്തിന്-പേനയുടെ മഷി തീരുന്നു. അഥവാ പ്രതികാരാഗ്നി കെട്ടടങ്ങുന്നു.പ്രതികാരം നശിക്കുന്നതോടെ കഥയുടെ ഭ്രൂണത്തിന് ഇളക്കം തട്ടുന്നു.ഒരു second trimester abortion.അയാള്‍ തന്നോട് തന്നെ ചോദിക്കുന്നു പ്രതികാരം എന്ന ഒറ്റ വികാരത്തില്‍ ഊന്നികൊണ്ട് ഞാന്‍ എന്റെ കഥാപാത്രങ്ങളോട് നീതി കാണിക്കുന്നുണ്ടോ?

                       കഥാകൃത്തിനു മുന്‍പില്‍ ഇനി രണ്ടു മാര്‍ഗങ്ങളാണ്.
1.       കഥ വലിച് കീറി കുട്ടയില്‍ എറിഞ്ഞു കളയുക.
2.       കഥ വി. കെ പ്രകാശിനെ ഏല്പിക്കുക. കഥയും കഥസാഹചര്യങ്ങളും എഴുതി ചേര്‍ക്കുന്നു.

          അതെ ഒരു സിനിമയുടെ ബീജവാപതിന്റെ കഥ.ഒരു കഥാകൃത്തിന്റെ ഭാവനയും (ബീജം) അനുഭവങ്ങളും (അണ്ഡം) തമ്മിലുള്ള സംഭോഗത്തിന്റെയും , തത്ഭലമായ ഭ്രൂണത്തിന്റെയും അതിന്റെ വളര്‍ച്ചയുടെയും കഥ.
                        ‘നെത്തോലി ഒരു ചെറിയ മീനല്ല” സിനിമയുടെ പുതിയ ഒരു തലമാണ് നമ്മുടെ മുന്നില്‍ വരച് കാട്ടുന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് എന്നും ഹാപ്പി എണ്ടിംഗ് ഉണ്ടാകുന്നത് കഥാകൃത്തിന്റെ ഭാവനയില്‍ അയാള്‍ അങ്ങനെ വരക്കുന്നത് കൊണ്ടാണ്. ചിന്തിച്ചിട്ടുണ്ടോ നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ആ സിനിമയുടെ കഥ എങ്ങനെയാകും രൂപപെട്ടിടുണ്ടാവുക? ചിന്തിചിട്ടില്ലേല്‍ ഒന്ന് ട്രൈ ചെയ്ത് നോക്കുക. എന്നിട്ട് പോയി നെത്തോലി കാണുക. തീര്‍ച്ചയായും നിങ്ങള്‍ ഈ ഫിലിം എന്ജോയ്‌ ചെയ്യും. 

0 comments:

Post a Comment

 
;